Saturday, July 25, 2009

സഖി ഇതു നിനക്കായി മാത്രം

ഒരിക്കല്‍ എന്റെ അഗസ്ത്യകൂടം യാത്രയില്‍  കൂടെ കൂടിയ ഒരു  മധ്യവയസ്കന്‍  നടത്തത്തിന്റെ ആയാസം  അറിയാതിരിക്കാനായി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.  വിവാഹം  വേണ്ടാന്ന്  വച്ച ആ സുഹൃത്ത്  എന്നോട് പറഞ്ഞ അയാളുടെ പ്രണയ കഥ ആണ് ഇതിനു ആധാരം.എങ്കിലും ഒന്ന് എനിക്ക് ഉറപ്പുണ്ട്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും പ്രണയിച്ചിട്ടുള്ളവർ ഒരു നിമിഷം എങ്കിലും അവരുടെ ആ നല്ല നാളുകൾ ഓർക്കും . ഒരിക്കലും തിരിച്ചുകിട്ടാത്ത ആ ദിവസങ്ങളുടെ ഓർമ്മകളുടെ നിറവിൽ പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും, നഷ്ടപ്രണയത്തിന്റെ വേദന അറിയുന്നവർക്കും മുൻപിൽ ഞാൻ ഈ വരികൾ സമർപ്പിക്കുന്നു.
-------------------------------------------------------------------
ഓർമ്മകളുടെ തള്ളിക്കയറ്റം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുവോ, ഇനിയും എനിക്കത് സഹിക്കാനാവുന്നില്ല. സ്വയം ഉരുകാൻ , ഉരുകി ഉരുകി നിന്നിൽ അലിഞ്ഞില്ലാതാവാൻ ഇനിയും എത്ര രാത്രികൾ കൂടി ഞാൻ കാത്തിരിക്കണം?

എന്റെ യാത്രകളിൽ , ഇഷ്ടങ്ങളിൽ, സ്വപ്നങ്ങളിൽ, എന്തിന് ഓരോ ഹൃദയ സ്പന്ദനങ്ങളിൽ വരെ ഒരിക്കൽ എനിക്ക് കൂട്ടായി നീ വന്നിരുന്നു , എന്റെ ഇടംകൈയിൽ നിന്റെ വലം കൈ പിടിച്ചുകൊണ്ട് . നമ്മൾ ഒരുമിച്ച് പിന്നിട്ട വഴിത്താരകൾ, പാതയോരങ്ങൾ, നെയ്ത്കൂട്ടിയ വർണ്ണശഭളമായ സ്വപ്നങ്ങൾ എല്ലാം എന്റെ ഒർമ്മകളിൽ പച്ച പിടിച്ചു നിൽക്കുന്നു. അവയെല്ലാം ഇന്നും എന്റെ ഒപ്പം ഉണ്ട്, നീ ഒഴികെ.

രാത്രിയുടെ ഏഴാം യാമത്തിലെത്തുന്ന പേരറിയാക്കിളികളുടെ സംഗീതം പോലും ഇന്നെനിക്ക് പരിചിതമാണ് എന്തെന്നാൽ നിന്നെക്കുറിച്ചുള്ള ഓർമ്മകളിൽ ഞാൻ ജീവിക്കുമ്പോൾ എന്റെ കൂട്ടുകാർ അവരാണ്. പൂനിലാവിന്റെ കുളിരിലും, ഗന്ധർവ്വന്മാരുടെ സഞ്ജാരസമയത്തും, അവസാനയാമത്തിൽ എത്തുന്ന പതിനാലാമത്തെ കാറ്റിലും സഖീ, നിന്നെ ഞാൻ തിരഞ്ഞിരുന്നു.


എത്ര എത്ര സന്ധ്യകളുടെ സൊവ്ന്ദര്യം നാം ഒരുമിച്ച് നുകർന്നിട്ടുണ്ട് .അസ്തമയ സൂര്യന്റെ വശ്യ വർണ്ണങ്ങളിൽ , നുരഞ്ഞുപതഞ്ഞ് ശക്തിയോടെ ആർത്തടിച്ചുയരുന്ന തിരമാലകളുടെ ഉപ്പുരസം നിറഞ്ഞ കാറ്റിൽ , അതിന്റെ തീരത്ത് എത്രയോ ദിവസങ്ങളിൽ നാം ഇരുവരും പരസ്പരം മറന്ന് ഇരുന്നിരുന്നു. എന്റെ തോളിൽ ചായ്ഞ്ഞ് പരസ്പരം ഒന്നും സംസരിക്കതെ തന്നെ നാം എത്രയോ സമയം സംസാരിച്ചിരുന്നു. നിന്റെ മിഴികൾ ആയിരുന്നുവോ എന്നോട് സംസരിച്ചിരുന്നത് ? അതോ ഹൃദയമോ? നിന്റെ ഗന്ധം നിറയുന്ന കാറ്റിൽ, നിന്റെ നീല മിഴികളുടെ ആഴത്തിൽ ഞാൻ സ്വയം അലിഞ്ഞില്ലാതകുകയായിരുന്നുവോ. ചക്രവാളങ്ങളിലോട്ട് പറന്നകലുന്ന മീവൽ പക്ഷിയെ പോലെ നീയും എന്റെ കാണാമറയത്തുനിന്നും അകലുകയാണോ?

ഈറൻതോർന്ന മുടിയിൽ തുളസിക്കതിർ ചൂടിനീ എന്നോട് ചേർന്ന് നടക്കുമ്പോൾ കാറ്റിൽ എന്റെ മുഖത്തേക്കു പാറിക്കളിക്കുന്ന നിന്റെ മുടിയിഴകൾക്ക് പുതുമഴയേറ്റു നനഞ്ഞ മണ്ണിന്റെ ഗന്ധമാണന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ഗന്ധം എന്നെ മത്തുപിടിപ്പിച്ചിരുന്നു. പുതുനെല്ലിന്റെ മണം മുറ്റിനിൽക്കുന്ന ആളൊഴിഞ്ഞ കോലായും പത്തായപ്പുരയുടെ നിഗൂഢത നിറഞ്ഞ ഇരുട്ടും നമ്മുടെ ഒത്തുചേരലിനുള്ള വേദികൾ ആയിരുന്നു എന്നത് ഞാൻ ഇന്നും ഓർക്കുന്നു. എന്റെ ഇടനെഞ്ജിൽ നിന്നെ ചേർക്കുമ്പോൾ മാറിലമരുന്ന നിന്റെ വിറയാർന്ന വിരലുകളും നിന്റെ നീല നയനങ്ങളിലെ ആധിയും ഞാൻ അവഗണിച്ചുവോ? ഏത് അദൃശ്യ ശക്തിയാണു എന്നെ നിന്നിലേക്കിത്ര അടുപ്പിച്ചത് ? അറിയില്ല എനിക്ക് ഒന്നും.

കോടമഞ്ഞു പുതച്ചുനിൽക്കുന്ന താഴ് വാരങ്ങളിൽ കൂടി കാട്ടുപൂക്കളുടെ തീഷ്ണമായ ഗന്ധത്തിൽ അലിഞ്ഞ് ദൂരെ എവിടെയോ ഒഴുകുന്ന അരുവികളുടെ സംഗീതം നുകർന്ന് എന്റെ ഡ്രൈവിങ്ങ് സീറ്റിനു അരികിലായി ഇരുന്ന് ഭൂമിയുടെ അറ്റം വരെ യത്ര ചെയണമെന്ന് എന്നെപ്പോലെ തന്നെ നീയും ഒരിക്കൽ ആഗ്രഹിച്ചിരുന്നില്ലെ? . തണുത്ത കാറ്റിന്റെ കുളിരിൽ ഒരു പുതപ്പെന്ന പോലെ എന്റെ കൈ നിന്റെ മാറിനോടു ചെർക്കുമ്പോളും, ഒരു ചുടുചുംബനത്താൽ എന്നെ മയക്കത്തിന്റെ ആലസ്യത്തിൽ നിന്നു ഉണർത്തുമ്പോളും എല്ലാം നമ്മൾ നെയ്ത് കൂട്ടിയ സ്വപ്നത്തിന്റെ ഓരോ കണ്ണിയും ഇത്രത്തോളം നേർത്തതയിരുന്നു എന്ന് ഞാൻ ഒരിക്കലും കരുതിരിരുന്നില്ല.

നിശാഗന്ധി പൂക്കുന്ന എത്രയോ രാവുകൾ പ്രിയേ നിനക്കായി ഞാൻ കരുതിവച്ചിരുന്നു. ലഹരി പിടിപ്പിക്കുന്ന ആ ഗന്ധതിന്റെ നിറവിൽ , എന്റെ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് പകർന്ന് എന്റെ രാത്രികൾക്ക് പൂർണ്ണതയേകാൻ നീ ഒരിക്കൽ എത്തും എന്നു ഞാ‍ൻ പ്രതീക്ഷിച്ചിരുന്നു.

ഒരിക്കലും പിരിയില്ല എന്ന് ഒരു ആയിരം തവണ ആവർത്തിച്ച് പറഞ്ഞ നീ എന്നെന്നും ഓർമ്മിക്കാൻ സുഖമുള്ള നോവുകൾ മാത്രം സമ്മാനിച്ച് എന്നിൽ നിന്നു അകലുകയായിരുന്നു അല്ലേ. പ്രണയത്തിന്റെ നഷ്ടം സമ്മാനിക്കുന്നത് രണ്ട് ഹൃദയങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത തേങ്ങലുകൾ ആണു. മറവിയുടെ പേമാരിയാൽ ആ നാളുകൾ മുങ്ങിപ്പോയാലും ഓർമ്മകളുടെ തിരതള്ളലിൽ പഴയ നിമിഷങ്ങൾ പൂർവ്വാധികം ശക്തിയോടെ പൊന്തിവരുന്നു.

ഒടുവിൽ നീ എന്നിൽ നിന്നും എന്നന്നേക്കുമായി അകലുകയാണു എന്ന് പറഞ്ഞ നിമിഷം നീ ഓർക്കുന്നുവോ? ഉതിരാത്ത കണ്ണുനീരിൽ കൂടിയല്ലാതെ ഞാ‍ൻ ഈ ലോകത്തെ പിന്നെ കണ്ടിട്ടില്ല. ഏവിടെയാണു ഞാൻ ഈ ലോകത്തിന്റെ മുഴുവൻ സൊവ്ന്ദര്യവും കണ്ടിരുന്നത്? പൂനിലാവിന്റെ നീലിമകുപിന്നെ വിഷത്തിന്റെ നീല നിറമായിരുന്നു. ഉതിർന്നുവീഴുന്ന മഴനാരുകൾക്ക് പ്രളയത്തിന്റെ ഭീകരതയായിരുന്നു. എന്റെ ഏകാന്ത നിമിഷങ്ങൾക്കു പോലും ഏതൊക്കെയോ ചിലമ്പലുകളുടെ അസ്വസ്തത ആയിരുന്നു. മരണത്തെ ഇത്രത്തോളം സ്നേഹിച്ച വ്യകതി ഞാൻ മാത്രമായിരുനുവോ?. നഷ്ടസ്വ്പ്നങ്ങളുടെ ഭാണ്ടക്കെട്ടുമായി ഞാൻ അലയാത്ത തീരങ്ങൾ ഇല്ല , പൂർണ്ണ നിദ്രപുൽകിയ രാത്രികൾ ഇല്ല, ഹൃദയഭാരമില്ലാതെ ഉണർന്ന പ്രഭാതങ്ങൾ ഇല്ല .


ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ എന്ന് കരുതിയ ഞാൻ തന്നെയാണു ഏറ്റവും വലിയ വിഡ്ഡി. നഷ്ടങ്ങള് എന്നും നഷ്ടങ്ങള് തന്നെയാണ് എന്ന സത്യം ഞാൻ മനസ്സിലക്കുന്നു എന്നാലും എനിക്ക് സംഭവിച്ച നീ എന്ന നഷ്ടം ഉണ്ടാക്കിയ മുറിവിൽ നിന്നും ഇന്നും രക്തം പൊടിയുന്നു , എന്റെ ഈ ജന്മത്തിൽ കരിയാത്ത ആ മുറിവിന്റെ നൊമ്പരം ഒരു പക്ഷെ ഇന്ന് എന്റെ ജീവന്റെ പ്രേരകശക്തി ആണെന്നു പറയാം. നിന്റെ ഓർമ്മകൾക്കു കാവലായി ഇന്നും കൂടി ജീവിക്കാം എന്ന മനസ്സിന്റെ ഓർമ്മപ്പെടുത്തൽ അധവാ തിരിച്ചറിവാണത്. അതും എത്ര നാൾ കൂടി.

പ്രണയം എന്ന അഗ്നി അങ്ങനെ ആണു. അത് ഒരാളുടെ ജീവിതത്തിൽ എപ്പോൾ എങ്ങനെ കത്തിപ്പടരും എന്ന് ആർക്കും പ്രവചിക്കാനാവില്ല. ആ അഗ്നിയിൽ വെന്തു വെണ്ണീറാവുകയാണോ നമ്മൾ ചെയ്തത് ? അതോ പകുതി കരിഞ്ഞ ഹൃദയവുമായി ഇന്നും ജീവിക്കുകയാണോ?

പ്രണയിക്കുകയായിരുന്നോ നമ്മൾ അതോ പ്രണയം അഭിനയിക്കുകയായിരുന്നോ?
ആരാണതിന്റെ വിധികർത്താവ് ? ആരാണു അരങ്ങിൽ മികച്ച അഭിനയം കാഴ്ച്ചവച്ചത് ?. നീ ഉപേക്ഷിച്ച ഈ അരങ്ങിൽ ഞാൻ അവസാന രംഗം ആടിത്തീർക്കുന്നവരെ നിൽക്കുന്നില്ല. കഥയുടെ അവസാന ഭാഗം ഞാൻ സ്വയം തീരുമാനിക്കുന്നു. അടുത്ത ജന്മത്തിൽ എങ്കിലും പ്രിയേ , നമ്മൾ ഒരുമിച്ച് സ്വപ്നംകണ്ടിരുന്ന ആ പഴയ മനോകര കാവ്യം നമുക്ക് പുനസൃഷ്ടിക്കാം. നിറഞ്ഞമനസ്സോടെ എന്റെ ഈ ജീവിത വേഷം ഇതാ ഞാൻ നിനക്കായി അഴിച്ചു വക്കുന്നു.

14 comments:

Pady said...

Anoop, I appreciate the subtlity of your thoughts ,moving from the pangs of lost love, idly rambling in the valley of your memories.Beautiful, I must say that you have visualised Prakruthi, in human form as is reflected in your love lady , trnasmuting to the bosom of nature and in her wild ecstacies in the running brooks and the green forests, reacting to the pain inflicted by civilisation (or lack of it) which reverberates the spiritual quest in the bottom of your thought stream.The greediness in man grows with his failing view to believe that he has the right to exploit, as allowed in holy texts of semetic approach. Here we also recall Bhoomi sooktham and Prithvisooktham in our Vedas, where even forsts,mountains and rivers are divinised personae.

You have deeper insight and as you pass through the tests of life, will add value by way of your poems and pearls of wisdom.Simplywe follow the eternal message of Hindu Dharma Satyam Sivam Sundaram My best woshes and prayers for you,You are loving in nature and nible in your thoughts and will become a spiritualist as you move on Gid Bless

കഷായക്കാരൻ said...

കണ്ടു. വായിച്ചു.

അനൂപ് അമ്പലപ്പുഴ said...

"അനൂപിന്റെ ശൈലിയില്‍, ഞാന്‍ എന്റെ ഹൃദയത്തിന്റെ തുടി കൊട്ട് കേള്‍കുന്നു. വിശാലമെങ്ങിലും പാരമ്പര്യത്തിന്റെ വൈശിസ്ട്യം ഉള്‍കൊണ്ട ഞാന്‍ ഒരിക്കലും നിഷേദത്തിന്റെ കാഴ്ചപ്പാട്‌ സ്വീകരിച്ചിട്ടില്ല. ദേശ സ്നേഹത്തില്‍ പ്രചോദിതമായ എന്റെ യൌവനത്തിന്റെ സ്വപ്‌നങ്ങള്‍ ഭാരതത്തിന്റെ, മാതൃഭൂമിയുടെ മുന്നേറ്റത്തിന് സേവനത്തിന്റെ പാതയില്‍ നീങ്ങുവാന്‍ എന്നെ പ്രേരിപിച്ചു. യൌവനത്തിന്റെ മികവില്‍ പ്രേമ ഭാവത്തില്‍ എന്നെകണ്ട പെണ്‍കുട്ടികളോട് എനിക്ക് സ്നേത്തിനപ്പുരം പ്രേമര്‍ദ്രമാകുവാന്‍ കഴിഞ്ഞില്ല .എന്നാലും ഞാനറിയാതെ എന്റെ യൌവനം എനിക്ക് സമ്മാനിച്ച ഒരു സ്നേഹ ത്തിന്റെ നഷ്ട ദുഃഖം അപ്പോഴപ്പോള്‍ എന്നെ ആര്ദ്രനക്കുമായിരുന്നു. അന്ന് ഞാന്‍ പ്രേമത്തിന്റെ കാമ ഭാവത്തിന്റെ ചാടുലതയെ തിരസ്കരിച്ചപ്പോഴും , ആ വിഷാദം നമ്മിലുണര്‍ത്തുന്ന അജ്ഞത സുഖത്തെ ,മധുരിക്കുന്ന നൊമ്പരങ്ങളെ മനസ്സ് താലൊലിക്കുന്നതില് അനുഭവം കൊണ്ടിട്ടുണ്ട്. വേദാന്തത്തിന്റെ സത്യം തേടിയുള്ള യാത്രയില്‍ ആത്മ സംവേദനത്തിന്റെ കാഴച്ചപാടുമായ് മുന്നോട്ടു പോയപോഴും മനസ്നിറെ മാന്ത്രിക ചെപ്പിലെ ആ സ്നേഹ പുഷ്പത്തിന്റെ സൌഗന്ധം ഞാന്‍ അറിഞിരുന്നു. അതുകൊണ്ട് തന്നെ ഉള്‍കടല്‍ സിനിമയിലെ ഓ എന്‍ വി യുടെ സൃഷ്ടിയായ " എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ നായികേ " എന്നാ ഗാനം ഇന്നും എന്നില്‍ യൌവന്പൂകള്‍ വിരിക്കുന്നു ആ ശോകം എന്നിക്ക് ആത്മ രോദനതിനും അപ്പുറം ആത്മ ബന്ധത്തിന്റെ കണ്ണീര്‍ തുള്ളികളെ എന്നില്‍ ഉതിര്‍കുംബോഴും, ഞാനറിയുന്നു പ്രേമത്തിന്റെ സോവ്കുമാര്യ സന്ങല്പത്തെ.

അനൂപിന്റെ വരികളില്‍ ഉറഞ്ഞു കിടക്കുന്നതും ആ ആത്മ ബന്ധത്തിന്റെ പ്രേമ സ്പര്‍ശം തന്നെ. കാണാതെ, സ്പര്‍ശിക്കാതെ, ചൊല്ലാതെ കൂട്ടി നടക്കാതെ മനസ്സിന്റെ വിസ്മയങ്ങളില്‍ നമോളിച്ചു വെച്ചിരിക്കുന്ന പ്രേമ ഭാവം നമ്മുടെ കൂടെ ആ അവസാന നിമിഷത്തിലും ഒരു ഉണര്‍ത്തു പാട്ടായി കൂടെ വരും.

അനന്തം അജ്ഞാതം ആയ ഈ ഭൂവില്‍ വീണു പിറന്നു വീണ്ടും ജനിക്കുമ്പോഴും വേദാന്ത സത്യങ്ങല്കും അപ്പുറം പ്രേമത്തിന്റെ സ്നേഹ കാവ്യങ്ങള്‍ നമ്മുടെ മനസ്സില്‍ പുനര്‍ജനിക്കും.
ഭാവുകങ്ങള്‍ നേര്നു കൊണ്ട്
പദ്മനാഭന്‍ "
@ പദ്മനാഭന്‍ എനിക്ക് ജി മെയിലില്‍ കിട്ടിയ ഈ അഭിപ്രായത്തിനും ചേര്‍ത്ത് നന്ദി അറിയിക്കുന്നു
@ കഷായക്കാരന്‍ നന്ദി.

v!N!th@ said...

ഞാന്‍ വായിച്ചു നന്നായിട്ടുണ്ട് ...
അതെ ചില ഇഷ്ടങ്ങള്‍ അങ്ങനെയാണു..... അറിയാതെ ഇഷ്ടപ്പെട്ടു പോകും
എല്ലാം എന്നും തന്റ്റെതു മാത്രമെന് വെറുതേ കരുതും.... പിന്നെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തി ആ ഇഷ്ടത്തെ കണ്ടില്ലെന്നു നടിക്കും ....ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടയില്‍ ... ആരും കാണാതെ ... കണ്ണുനീരിന്റെ നനവോടെ ആ ഇഷ്ടത്തെ എപ്പോളെങ്കിലും ഒക്കെ നമ്മള്‍ ഓര്‍ക്കും ....
കൂടുതല്‍ പറയുന്നില്ല ഇനിയും നല്ല നല്ല പോസ്റ്റ്‌ കള്‍ ക്കായി കാത്തിരിക്കുന്നു ...


എല്ലാം മനസ്സിലാവുന്നുണ്ട് ട്ടോ ;)

Akbar Badsha said...

Great Story. It touch my heart coz i was like this years ago. A true love story . Great! . I adore you.

Dr Rejani Hari said...

പറഞ്ഞു പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും പ്രണയത്തിന്റെ വര്‍ണങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുന്നില്ല........
ജീവിതത്തിന്റെ നിശബ്ദ നിമിഷങ്ങളില്‍ ഹൃദയത്തെ തൊട്ടു തലോടുന്ന സുഖമുള്ള നൊമ്പരത്തിന്റെ ദല മര്മരമുണര്ത്തുന്നു വീണ്ടും വീണ്ടും ഈ പ്രണയം......
കമല സുരയ്യ പറഞ്ഞത് പോലെ നമുക്ക് " നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത് "
പ്രണയ സുഗന്ധം വീണ്ടും ഹൃദയത്തില്‍ ഉണര്‍ത്തിയതിന് നന്ദി........

Dr Rejani Hari said...

പറഞ്ഞു പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും പ്രണയത്തിന്റെ വര്‍ണങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുന്നില്ല........
ജീവിതത്തിന്റെ നിശബ്ദ നിമിഷങ്ങളില്‍ ഹൃദയത്തെ തൊട്ടു തലോടുന്ന സുഖമുള്ള നൊമ്പരത്തിന്റെ ദല മര്മരമുണര്ത്തുന്നു വീണ്ടും വീണ്ടും ഈ പ്രണയം......
കമല സുരയ്യ പറഞ്ഞത് പോലെ നമുക്ക് " നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത് "
പ്രണയ സുഗന്ധം വീണ്ടും ഹൃദയത്തില്‍ ഉണര്‍ത്തിയതിന് നന്ദി........

കരുമാടിക്കുട്ടന്‍ said...

നന്നായിരിക്കുന്നു. ജീവിതത്തില്‍ ഓരിക്കല്‍ എങ്കിലും പ്രണയിച്ചവര്‍ക്ക് ഈ വരികളില്‍ പിടയുന്ന മനസ്സിനെ തിരിച്ചറിയാനാകും, ഓര്‍മ്മകളുടെ താളംതെറ്റലുകള്‍ക്ക് അപ്പുറം നഷ്ടസ്വപ്നങ്ങളുടെ വേദനയും. ഹൃദയം കൊണ്ട് എഴുതിയ വരികള്‍. എന്റെ ഭാവുകങ്ങള്‍ നേരുന്നു...

jayarajmurukkumpuzha said...

bestwishes

shanthakumar said...

its time for a blog

Jishad Cronic™ said...

നന്നായിരിക്കുന്നു....

വിരല്‍ത്തുമ്പ് said...

നന്നായിട്ടുണ്ട്,,,,, ഇനിയും എഴുതുക,,,,

റാണിപ്രിയ said...

അനൂപ് .....
പ്രകൃതി ആണ് എല്ലാം......
പ്രണയത്തിന്റെ മാസ്മരികത വരികളില്‍ തുളുമ്പി നില്‍ക്കുന്നു......
നല്ല ഒഴുക്കുള്ള വരികള്‍ .............
എഴുതൂ .....ഇനിയും ....ധാരാളം .....
ആശംസകള്‍ ...

Lucky Laxadhish said...

Kidu.... Eniyum ezhuthanm.....