Saturday, July 25, 2009

സഖി ഇതു നിനക്കായി മാത്രം

ഒരിക്കല്‍ എന്റെ അഗസ്ത്യകൂടം യാത്രയില്‍  കൂടെ കൂടിയ ഒരു  മധ്യവയസ്കന്‍  നടത്തത്തിന്റെ ആയാസം  അറിയാതിരിക്കാനായി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.  വിവാഹം  വേണ്ടാന്ന്  വച്ച ആ സുഹൃത്ത്  എന്നോട് പറഞ്ഞ അയാളുടെ പ്രണയ കഥ ആണ് ഇതിനു ആധാരം.എങ്കിലും ഒന്ന് എനിക്ക് ഉറപ്പുണ്ട്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും പ്രണയിച്ചിട്ടുള്ളവർ ഒരു നിമിഷം എങ്കിലും അവരുടെ ആ നല്ല നാളുകൾ ഓർക്കും . ഒരിക്കലും തിരിച്ചുകിട്ടാത്ത ആ ദിവസങ്ങളുടെ ഓർമ്മകളുടെ നിറവിൽ പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും, നഷ്ടപ്രണയത്തിന്റെ വേദന അറിയുന്നവർക്കും മുൻപിൽ ഞാൻ ഈ വരികൾ സമർപ്പിക്കുന്നു.
-------------------------------------------------------------------
ഓർമ്മകളുടെ തള്ളിക്കയറ്റം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുവോ, ഇനിയും എനിക്കത് സഹിക്കാനാവുന്നില്ല. സ്വയം ഉരുകാൻ , ഉരുകി ഉരുകി നിന്നിൽ അലിഞ്ഞില്ലാതാവാൻ ഇനിയും എത്ര രാത്രികൾ കൂടി ഞാൻ കാത്തിരിക്കണം?

എന്റെ യാത്രകളിൽ , ഇഷ്ടങ്ങളിൽ, സ്വപ്നങ്ങളിൽ, എന്തിന് ഓരോ ഹൃദയ സ്പന്ദനങ്ങളിൽ വരെ ഒരിക്കൽ എനിക്ക് കൂട്ടായി നീ വന്നിരുന്നു , എന്റെ ഇടംകൈയിൽ നിന്റെ വലം കൈ പിടിച്ചുകൊണ്ട് . നമ്മൾ ഒരുമിച്ച് പിന്നിട്ട വഴിത്താരകൾ, പാതയോരങ്ങൾ, നെയ്ത്കൂട്ടിയ വർണ്ണശഭളമായ സ്വപ്നങ്ങൾ എല്ലാം എന്റെ ഒർമ്മകളിൽ പച്ച പിടിച്ചു നിൽക്കുന്നു. അവയെല്ലാം ഇന്നും എന്റെ ഒപ്പം ഉണ്ട്, നീ ഒഴികെ.

രാത്രിയുടെ ഏഴാം യാമത്തിലെത്തുന്ന പേരറിയാക്കിളികളുടെ സംഗീതം പോലും ഇന്നെനിക്ക് പരിചിതമാണ് എന്തെന്നാൽ നിന്നെക്കുറിച്ചുള്ള ഓർമ്മകളിൽ ഞാൻ ജീവിക്കുമ്പോൾ എന്റെ കൂട്ടുകാർ അവരാണ്. പൂനിലാവിന്റെ കുളിരിലും, ഗന്ധർവ്വന്മാരുടെ സഞ്ജാരസമയത്തും, അവസാനയാമത്തിൽ എത്തുന്ന പതിനാലാമത്തെ കാറ്റിലും സഖീ, നിന്നെ ഞാൻ തിരഞ്ഞിരുന്നു.


എത്ര എത്ര സന്ധ്യകളുടെ സൊവ്ന്ദര്യം നാം ഒരുമിച്ച് നുകർന്നിട്ടുണ്ട് .അസ്തമയ സൂര്യന്റെ വശ്യ വർണ്ണങ്ങളിൽ , നുരഞ്ഞുപതഞ്ഞ് ശക്തിയോടെ ആർത്തടിച്ചുയരുന്ന തിരമാലകളുടെ ഉപ്പുരസം നിറഞ്ഞ കാറ്റിൽ , അതിന്റെ തീരത്ത് എത്രയോ ദിവസങ്ങളിൽ നാം ഇരുവരും പരസ്പരം മറന്ന് ഇരുന്നിരുന്നു. എന്റെ തോളിൽ ചായ്ഞ്ഞ് പരസ്പരം ഒന്നും സംസരിക്കതെ തന്നെ നാം എത്രയോ സമയം സംസാരിച്ചിരുന്നു. നിന്റെ മിഴികൾ ആയിരുന്നുവോ എന്നോട് സംസരിച്ചിരുന്നത് ? അതോ ഹൃദയമോ? നിന്റെ ഗന്ധം നിറയുന്ന കാറ്റിൽ, നിന്റെ നീല മിഴികളുടെ ആഴത്തിൽ ഞാൻ സ്വയം അലിഞ്ഞില്ലാതകുകയായിരുന്നുവോ. ചക്രവാളങ്ങളിലോട്ട് പറന്നകലുന്ന മീവൽ പക്ഷിയെ പോലെ നീയും എന്റെ കാണാമറയത്തുനിന്നും അകലുകയാണോ?

ഈറൻതോർന്ന മുടിയിൽ തുളസിക്കതിർ ചൂടിനീ എന്നോട് ചേർന്ന് നടക്കുമ്പോൾ കാറ്റിൽ എന്റെ മുഖത്തേക്കു പാറിക്കളിക്കുന്ന നിന്റെ മുടിയിഴകൾക്ക് പുതുമഴയേറ്റു നനഞ്ഞ മണ്ണിന്റെ ഗന്ധമാണന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ഗന്ധം എന്നെ മത്തുപിടിപ്പിച്ചിരുന്നു. പുതുനെല്ലിന്റെ മണം മുറ്റിനിൽക്കുന്ന ആളൊഴിഞ്ഞ കോലായും പത്തായപ്പുരയുടെ നിഗൂഢത നിറഞ്ഞ ഇരുട്ടും നമ്മുടെ ഒത്തുചേരലിനുള്ള വേദികൾ ആയിരുന്നു എന്നത് ഞാൻ ഇന്നും ഓർക്കുന്നു. എന്റെ ഇടനെഞ്ജിൽ നിന്നെ ചേർക്കുമ്പോൾ മാറിലമരുന്ന നിന്റെ വിറയാർന്ന വിരലുകളും നിന്റെ നീല നയനങ്ങളിലെ ആധിയും ഞാൻ അവഗണിച്ചുവോ? ഏത് അദൃശ്യ ശക്തിയാണു എന്നെ നിന്നിലേക്കിത്ര അടുപ്പിച്ചത് ? അറിയില്ല എനിക്ക് ഒന്നും.

കോടമഞ്ഞു പുതച്ചുനിൽക്കുന്ന താഴ് വാരങ്ങളിൽ കൂടി കാട്ടുപൂക്കളുടെ തീഷ്ണമായ ഗന്ധത്തിൽ അലിഞ്ഞ് ദൂരെ എവിടെയോ ഒഴുകുന്ന അരുവികളുടെ സംഗീതം നുകർന്ന് എന്റെ ഡ്രൈവിങ്ങ് സീറ്റിനു അരികിലായി ഇരുന്ന് ഭൂമിയുടെ അറ്റം വരെ യത്ര ചെയണമെന്ന് എന്നെപ്പോലെ തന്നെ നീയും ഒരിക്കൽ ആഗ്രഹിച്ചിരുന്നില്ലെ? . തണുത്ത കാറ്റിന്റെ കുളിരിൽ ഒരു പുതപ്പെന്ന പോലെ എന്റെ കൈ നിന്റെ മാറിനോടു ചെർക്കുമ്പോളും, ഒരു ചുടുചുംബനത്താൽ എന്നെ മയക്കത്തിന്റെ ആലസ്യത്തിൽ നിന്നു ഉണർത്തുമ്പോളും എല്ലാം നമ്മൾ നെയ്ത് കൂട്ടിയ സ്വപ്നത്തിന്റെ ഓരോ കണ്ണിയും ഇത്രത്തോളം നേർത്തതയിരുന്നു എന്ന് ഞാൻ ഒരിക്കലും കരുതിരിരുന്നില്ല.

നിശാഗന്ധി പൂക്കുന്ന എത്രയോ രാവുകൾ പ്രിയേ നിനക്കായി ഞാൻ കരുതിവച്ചിരുന്നു. ലഹരി പിടിപ്പിക്കുന്ന ആ ഗന്ധതിന്റെ നിറവിൽ , എന്റെ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് പകർന്ന് എന്റെ രാത്രികൾക്ക് പൂർണ്ണതയേകാൻ നീ ഒരിക്കൽ എത്തും എന്നു ഞാ‍ൻ പ്രതീക്ഷിച്ചിരുന്നു.

ഒരിക്കലും പിരിയില്ല എന്ന് ഒരു ആയിരം തവണ ആവർത്തിച്ച് പറഞ്ഞ നീ എന്നെന്നും ഓർമ്മിക്കാൻ സുഖമുള്ള നോവുകൾ മാത്രം സമ്മാനിച്ച് എന്നിൽ നിന്നു അകലുകയായിരുന്നു അല്ലേ. പ്രണയത്തിന്റെ നഷ്ടം സമ്മാനിക്കുന്നത് രണ്ട് ഹൃദയങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത തേങ്ങലുകൾ ആണു. മറവിയുടെ പേമാരിയാൽ ആ നാളുകൾ മുങ്ങിപ്പോയാലും ഓർമ്മകളുടെ തിരതള്ളലിൽ പഴയ നിമിഷങ്ങൾ പൂർവ്വാധികം ശക്തിയോടെ പൊന്തിവരുന്നു.

ഒടുവിൽ നീ എന്നിൽ നിന്നും എന്നന്നേക്കുമായി അകലുകയാണു എന്ന് പറഞ്ഞ നിമിഷം നീ ഓർക്കുന്നുവോ? ഉതിരാത്ത കണ്ണുനീരിൽ കൂടിയല്ലാതെ ഞാ‍ൻ ഈ ലോകത്തെ പിന്നെ കണ്ടിട്ടില്ല. ഏവിടെയാണു ഞാൻ ഈ ലോകത്തിന്റെ മുഴുവൻ സൊവ്ന്ദര്യവും കണ്ടിരുന്നത്? പൂനിലാവിന്റെ നീലിമകുപിന്നെ വിഷത്തിന്റെ നീല നിറമായിരുന്നു. ഉതിർന്നുവീഴുന്ന മഴനാരുകൾക്ക് പ്രളയത്തിന്റെ ഭീകരതയായിരുന്നു. എന്റെ ഏകാന്ത നിമിഷങ്ങൾക്കു പോലും ഏതൊക്കെയോ ചിലമ്പലുകളുടെ അസ്വസ്തത ആയിരുന്നു. മരണത്തെ ഇത്രത്തോളം സ്നേഹിച്ച വ്യകതി ഞാൻ മാത്രമായിരുനുവോ?. നഷ്ടസ്വ്പ്നങ്ങളുടെ ഭാണ്ടക്കെട്ടുമായി ഞാൻ അലയാത്ത തീരങ്ങൾ ഇല്ല , പൂർണ്ണ നിദ്രപുൽകിയ രാത്രികൾ ഇല്ല, ഹൃദയഭാരമില്ലാതെ ഉണർന്ന പ്രഭാതങ്ങൾ ഇല്ല .


ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ എന്ന് കരുതിയ ഞാൻ തന്നെയാണു ഏറ്റവും വലിയ വിഡ്ഡി. നഷ്ടങ്ങള് എന്നും നഷ്ടങ്ങള് തന്നെയാണ് എന്ന സത്യം ഞാൻ മനസ്സിലക്കുന്നു എന്നാലും എനിക്ക് സംഭവിച്ച നീ എന്ന നഷ്ടം ഉണ്ടാക്കിയ മുറിവിൽ നിന്നും ഇന്നും രക്തം പൊടിയുന്നു , എന്റെ ഈ ജന്മത്തിൽ കരിയാത്ത ആ മുറിവിന്റെ നൊമ്പരം ഒരു പക്ഷെ ഇന്ന് എന്റെ ജീവന്റെ പ്രേരകശക്തി ആണെന്നു പറയാം. നിന്റെ ഓർമ്മകൾക്കു കാവലായി ഇന്നും കൂടി ജീവിക്കാം എന്ന മനസ്സിന്റെ ഓർമ്മപ്പെടുത്തൽ അധവാ തിരിച്ചറിവാണത്. അതും എത്ര നാൾ കൂടി.

പ്രണയം എന്ന അഗ്നി അങ്ങനെ ആണു. അത് ഒരാളുടെ ജീവിതത്തിൽ എപ്പോൾ എങ്ങനെ കത്തിപ്പടരും എന്ന് ആർക്കും പ്രവചിക്കാനാവില്ല. ആ അഗ്നിയിൽ വെന്തു വെണ്ണീറാവുകയാണോ നമ്മൾ ചെയ്തത് ? അതോ പകുതി കരിഞ്ഞ ഹൃദയവുമായി ഇന്നും ജീവിക്കുകയാണോ?

പ്രണയിക്കുകയായിരുന്നോ നമ്മൾ അതോ പ്രണയം അഭിനയിക്കുകയായിരുന്നോ?
ആരാണതിന്റെ വിധികർത്താവ് ? ആരാണു അരങ്ങിൽ മികച്ച അഭിനയം കാഴ്ച്ചവച്ചത് ?. നീ ഉപേക്ഷിച്ച ഈ അരങ്ങിൽ ഞാൻ അവസാന രംഗം ആടിത്തീർക്കുന്നവരെ നിൽക്കുന്നില്ല. കഥയുടെ അവസാന ഭാഗം ഞാൻ സ്വയം തീരുമാനിക്കുന്നു. അടുത്ത ജന്മത്തിൽ എങ്കിലും പ്രിയേ , നമ്മൾ ഒരുമിച്ച് സ്വപ്നംകണ്ടിരുന്ന ആ പഴയ മനോകര കാവ്യം നമുക്ക് പുനസൃഷ്ടിക്കാം. നിറഞ്ഞമനസ്സോടെ എന്റെ ഈ ജീവിത വേഷം ഇതാ ഞാൻ നിനക്കായി അഴിച്ചു വക്കുന്നു.