Saturday, September 13, 2008

കാടിന്റെ രോദനം

----------------------------------------------------------------------------------------------
പ്രകൃതി സ്നേഹികള്‍ എന്ന ഒരു കൂട്ടം ആളുകള്‍ ഇന്ന് വംശനാശഭീഷണിയില്‍ ആണു. ഉള്ളവര്‍ തന്നെ ഇന്ന് മിമിക്രിക്കാര്‍ക്ക് അനുകരിക്കാനുളള കോമാളികള്‍ ആയി മാറിയിരിക്കുന്നു. അവരുടെ വാക്കുകളെ വികസനത്തിന്റെ പേരില്‍ നിഷ്പ്രഭമാക്കുന്നു. അവരുടെ ന്യായങ്ങള്‍ തെറ്റിധരിക്കപ്പെട്ട സമൂഹത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്നു. എന്റെ ഈ വരികള്‍ അവരുടെ പേരില്‍ സമര്‍പ്പിക്കുന്നു.
-----------------------------------------------------------------------------------------------

മനുഷ്യാ നീ കേള്‍ക്കുന്നില്ലേ കാടിന്റെ മുറവിളി ,
കാട്ടുചോലതന്‍ ദു:ഖാര്‍ദ്ര സംഗീതത്തേന്മൊഴി .
കൊല്ലവര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ,
പടുകൂറ്റന്‍ അരയാലിന്‍ വേരുകള്‍ മുറിഞ്ഞുവോ ?

പൊട്ടിത്തെറിക്കുന്ന പഴമയുടെ ശിഥിലങ്ങള്‍ -
അട്ടഹാസങ്ങല്‍ക്ക് മുട്ടുമടക്കുന്നോ ?
തച്ചുടക്കപ്പെട്ട വാസസ്ഥലങ്ങളെ തേടി -
അലയുന്നല്ലോ കാടിന്റെ സന്തതികള്‍ ‍.

അവയുടെ രോദനം കാട്ടില്‍ അലയുന്നുവോ ?
അറിയുന്നു ഞാനതിന്‍ മൂകസാക്ഷിയായ് .
വെട്ടിത്തിളങ്ങുന്നൊരു കഠാരതന്‍ വായ്ത്തല ,
പൊട്ടിച്ചിരിക്കുന്നല്ലൊ നിണസ്വാദറിഞ്ഞപ്പോള്‍ .

ക്രൂരനാം നായുടെ വായില്‍ പിടക്കുന്നു ,
വാസസ്ഥലം തേടും മുയലിന്‍ കുഞ്ഞുങ്ങള്‍ .
ഇണയെ ഞെരിക്കുന്ന കാഴ്ച്ച കണ്ടിന്നിവര്‍ -
ഹൃദയം പൊട്ടിക്കേഴുന്ന കാഴ്ച്ചകള്‍ .

വായ് തുറന്നെത്തുന്ന തീ ജ്വാലകള്‍ക്കുള്ളില്‍ ,
ഉയരുന്ന ജീവന്റെ മുഗ്ധമാം തേങ്ങലുകള്‍ .
കാവി പുതച്ചുകൊണ്ടകലുന്ന ആകാശസീമയിലെങ്ങോ -
കേള്‍ക്കായ് ഞാറപ്പക്ഷിതന്‍ രോദനം .

സ്വാര്‍ദ്ധലാഭത്തിന്റെ മൂര്‍ഛയാലിന്നിവര്‍ -
വെട്ടി വീഴ്ത്തുന്നല്ലൊ കാലത്തിന്‍ സാക്ഷിയെ.
പുള്ളുവന്‍ പാട്ടിനും, കാവിനും, സര്‍പ്പങ്ങള്‍ക്കും ,
ഭക്ത ജനങ്ങള്‍ക്കും ഭ്രഷ്ട് കല്‍പ്പിച്ചുവോ ?

അറിയുന്നതില്ലിവര്‍ അറിയേണ്ടതൊന്നുമേ ,
പ്രകൃതിയെ , അവളുടെ സ്നേഹവാത്സല്യങ്ങളെ .
ആ മൃദുല കൈകളെ തട്ടിത്തെറിപ്പിച്ച് -
സ്വാഗതം അരുളുന്നതഗ്നി സ്പുലിംഗങ്ങള്‍.

ഓര്‍ക്കുക - ആ മൃദുല കൈകളെ തട്ടിത്തെറിപ്പിച്ച് നിങ്ങള്‍ നേടി എന്ന് അവകാശപ്പെടുന്നത് എല്ലാം തന്നെ , സര്‍വ നാശത്തിനായി തയ്യാറെടുക്കുന്ന ഒരു വന്‍ പൊട്ടിത്തെറിക്കുള്ള ഇന്ധനം മാത്രമാണു !.